ഇര്‍ഫാന്‍ , നിനക്ക് ഇനിയുമുണ്ട് ബാല്യം

2011 ഫിബ്രവരി 17നായിരുന്നു കരിക്കകം പാര്‍വതീ പുത്തനാറില്‍ സ്‌കൂള്‍വാന്‍ മറിഞ്ഞ് അപകടമുണ്ടായത്. ഇര്‍ഫാനൊപ്പമുണ്ടായിരുന്ന ഏഴു ജീവനുകള്‍ പുത്തനാറില്‍ പൊലിഞ്ഞു. പക്ഷേ ജീവിക്കുന്ന രക്തസാക്ഷിയായ ഇര്‍ഫാനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ഒരു പാടുപേരുടെ പ്രാര്‍ഥനകള്‍ ഉണ്ടായിരുന്നു. ആ പ്രാര്‍ഥനകള്‍ക്ക് ഫലം കണ്ടുതുടങ്ങി. നഷ്ടപ്പെട്ടുപോയ മകന്റെ ജീവിതത്തെ തിരികെ പിടിക്കാന്‍ ഉമ്മയും ബാപ്പയും രാപകലില്ലാതെ ഉറക്കമിളക്കുകയാണ്. കൈവിട്ടു പോയി എന്നു കരുതിയ ഇര്‍ഫാന്റെ ജീവിതം തിരികെ കിട്ടി തുടങ്ങിയതിന്റെ സന്തോഷത്തിലാണ് ഈ കുടുംബം മകന്റെ ആറാം പിറന്നാള്‍ 17ന് ആഘോഷിക്കുന്നത്.
ഒന്നും തിരിച്ചറിയാത്ത ഇര്‍ഫാനെ കിടക്കയില്‍ നിന്നും ഉമ്മ സജിനിയുടെയും ബാപ്പ ഷാജഹാന്റെയും കൈകളിലേക്ക് ഇപ്പോള്‍ വാരിയെടുക്കാം. ചില നിമിഷങ്ങളില്‍ അവന്റെ കണ്ണുകള്‍ ആരെയൊക്കെയോ തിരിച്ചറിയുന്നുണ്ട്. മാത്രമല്ല എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നുമുണ്ട്. അവ ചെറിയ ഞെരക്കത്തിലൂടെ മാത്രമാണ്.
ഒന്നര വര്‍ഷത്തെ വിവിധ ചികിത്സകള്‍ നല്‍കിയ നന്മകള്‍ മാതാപിതാക്കള്‍ക്കും ഒരു സമൂഹത്തിനും പുതിയ പ്രതീക്ഷ നല്‍കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കുടുംബവും ഇര്‍ഫാന്റെ വീട്ടിലെത്തി നല്‍കിയ ധൈര്യവും സ്‌നേഹവും വാഗ്ദാനങ്ങളും ഇര്‍ഫാന്റെ ജീവിതത്തില്‍ പുതുനാമ്പിടുകയാണ്.

എന്നാല്‍ ഇക്കുറി ഇര്‍ഫാന്റെ വീട്ടില്‍ വെച്ചാണ് പിറന്നാള്‍ ആഘോഷം.
പേട്ട ലിറ്റില്‍ ഹാര്‍ട്‌സ് സ്‌കൂളില്‍ പഠിച്ചിരുന്ന ഇര്‍ഫാന്‍ ക്ലാസ് കഴിഞ്ഞെത്തിയാല്‍ പിന്നെ വീട്ടില്‍ പാട്ടും ബഹളവുമായിരുന്നു. എന്നാല്‍ അപകടത്തെത്തുടര്‍ന്ന് ഇതെല്ലാം പോയി. എന്നാല്‍ സാമിന്റെ അക്യുപ്രഷര്‍ ചികിത്സയും ഡോക്ടര്‍മാരുടെ വിദഗ്ദ്ധ ചികിത്സകളും ഇര്‍ഫാനില്‍ മാറ്റം കണ്ടെത്തി തുടങ്ങി. ശബ്ദത്തോട് പ്രതികരിക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് മകന്റെ മുടങ്ങിയ പഠനം കിടക്കയിലെങ്കിലും തുടരണമെന്ന് ഷാജഹാന്‍ തീരുമാനിച്ചു. അങ്ങനെ കരിക്കകം ഗവ. സ്‌കൂളിലെത്തി സ്‌കൂള്‍ അധികൃതരോട് കാര്യം വ്യക്തമാക്കി. ഇതേ തുടര്‍ന്ന് ഒന്നാം ക്ലാസ്സില്‍ ഇര്‍ഫാന് പ്രവേശനം നല്‍കി. പക്ഷേ പഠനം വീട്ടില്‍വെച്ചും. ഇതിലേക്കായി പേട്ട സ്‌കൂളില്‍ നിന്നും എസ്.എസ്.എ.യുടെ കീഴിലുള്ള അനിത, പദ്മ എന്നീ അധ്യാപികമാരെ ഇര്‍ഫാന്റെ പഠനത്തിലേക്ക് നിയമിച്ചു. അവരുടെ ശിക്ഷണം ഇര്‍ഫാനില്‍ പ്രതീക്ഷയേകുന്നുണ്ട്. പാട്ടുകളോടും പറയുന്ന വാക്കുകളോടും കൈകാലിളക്കിയും ചെറിയ ശബ്ദത്തോടെയും പ്രതികരിക്കുന്നത് ഇര്‍ഫാന്റെ ജീവിതത്തിലേക്കുള്ള മടങ്ങിവരവെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.
ഇര്‍ഫാന്റെ കൂട്ടുകാരും ഇഷ്ടപ്പെട്ടവരും ഇര്‍ഫാനെ 17ന് കാണാനെത്തും. വയറിലൂടെ പ്രത്യേകമായി ഇട്ടിരിക്കുന്ന ട്യൂബിലൂടെയാണ് ഇര്‍ഫാന്‍ ഇപ്പോള്‍ ആഹാരം കഴിക്കുന്നത്.
ഇതേത്തുടര്‍ന്ന് പൊടിയരി കഞ്ഞി ഉണ്ടാക്കി മിക്‌സിയില്‍ അരച്ച് പിന്നീട് അരിച്ചാണ് ഇര്‍ഫാന് ട്യൂബിലൂടെ നല്‍കുന്നത്. മാത്രമല്ല പാലും, ഓറഞ്ച് ജ്യൂസും നല്‍കുന്നുണ്ട്. വായിലൂടെ ഭക്ഷണം നല്‍കാന്‍ കഴിയാത്തതിനാല്‍ പിറന്നാള്‍ ദിനത്തില്‍ മധുരമായി ഓറഞ്ച് നീരും പാലും നല്‍കാനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്.
അക്ഷരലോകത്തേക്ക് എത്തിയ ഇര്‍ഫാന് ഇത് ആറാം പിറന്നാള്‍- ബാപ്പ ഷാജഹാന്‍
No comments:
Post a Comment